നിർമാണപ്രവർത്തനങ്ങൾ വൈകുന്നു; ശബരിമലയിലെ കോടതി ഇടപെടലിനെതിരെ ദേവസ്വംമന്ത്രി
ഭരണ സംവിധാനം ശരിയല്ല എന്ന് പറഞ്ഞാണ് ജുഡീഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമായെന്ന് പറയാൻ അവർക്കും കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. 2007 ൽ ഹൈക്കോടതി ഹൈപ്പർ കമ്മറ്റിയെ നിയോഗിച്ചു. വികസന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനായിരുന്നു ഇത്. എന്നാൽ ഹൈപ്പവർ കമ്മറ്റിയുടെ പ്രവർത്തനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ഭരണ സംവിധാനം ശരിയല്ല എന്ന് പറഞ്ഞാണ് ജുഡീഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമായെന്ന് പറയാൻ അവർക്കും കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
നാലു കൊല്ലമായി ഒരു ലേഔട്ട് പ്ലാൻ പോലും ഉണ്ടാക്കിയിട്ടില്ല. ഇത് ഉണ്ടാക്കാൻ പോലും വർഷങ്ങൾ എടുക്കുന്നു. ഇത് മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമാവുന്നു. അഴിമതികളെ കുറിച്ച് കോടതി തന്നെ നേരിട്ടാണ് പരിശോധിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടും നേരിട്ട് കോടതിക്കാണ് നൽകുന്നത്. അതനുസരിച്ചു നേരിട്ട് തന്നെ കോടതിക്ക് അഴിമതി തെളിഞ്ഞാൽ നടപടിയെടുക്കാം. ഹൈപവർ കമ്മിറ്റിയുടെ കഴിഞ്ഞ നാലു വർഷത്തെ ഇടപെടൽ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ നിയന്ത്രണങ്ങളിൽ ഇപ്പോൾ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ഇത് കൂടുതലായാൽ മുന്നോട്ടുള്ള ഇടപെടൽ എങ്ങനെ വേണം എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.