ദേവികുളം തെരഞ്ഞെടുപ്പ് കേസ്: എ.രാജയുടെ അപ്പീൽ ജൂലൈ 26ന് പരിഗണിക്കും
ഡി.കുമാറിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കോടതി ഇ രാജയ്ക്ക് സമയം അനുവദിച്ചു
ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജിയിൽ എ.രാജയുടെ അപ്പീൽ സുപ്രിംകോടതി ഈ മാസം 26ന് പരിഗണിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കാൻ സുപ്രിം കോടതി നിർദ്ദേശിച്ചു. ഡി.കുമാറിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കോടതി എ രാജയ്ക്ക് സമയം അനുവദിച്ചു.
താൻ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ നേരത്തെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. തന്റെ പൂർവികർ 1950-ന് മുമ്പ് കേരളത്തിലേക്ക് എത്തിയവരാണെന്നും ഹിന്ദുമത ആചാര പ്രകാരമാണ് താൻ വിവാഹം കഴിച്ചതെന്നും രാജ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി രാജയുടെ എം.എൽ.എ സ്ഥാനം റദ്ദാക്കിയത്. സി.പി.എം സ്ഥാനാർഥിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് ഡി.കുമാറിന്റെ ആരോപണം.
പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.സോമരാജന്റെ സിംഗിൾ ബെഞ്ച് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു കുമാറിന്റെ വാദം.