മുസ്‌ലിം ലീഗിലെ സാമ്പത്തിക കാര്യങ്ങളിൽ ഏകാധിപത്യം അവസാനിപ്പിക്കണമെന്ന് കെ.എം ഷാജി
സാമ്പത്തിക ഇടപാടുകള്‍ നേതൃനിരയിലെ പ്രധാന നേതാക്കങ്ങള്‍ അറിഞ്ഞാകണമെന്നും ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണത്തിൽ കെ എസ് ഹംസ വിമർശമുയർത്തി.
മുസ്‌ലിം ലീഗിലെ സാമ്പത്തിക കാര്യങ്ങള്‍ ഒരു നേതാവ് മാത്രം കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണമന്ന് ലീഗ് നേതൃയോഗത്തില്‍ കെ.എം ഷാജി. സാമ്പത്തിക ഇടപാടുകള്‍ നേതൃനിരയിലെ പ്രധാന നേതാക്കങ്ങള്‍ അറിഞ്ഞാകണമെന്നും ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചെന്ന ആരോപണത്തിൽ കെ.എസ് ഹംസ വിമർശമുയർത്തി.
കെ.എം ഷാജി, പി.എം സാദിഖലി തുടങ്ങിയവർ വിമർശനം ഉന്നയിച്ചപ്പോൾ യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധിക്കാനെത്തിയത് പി.കെ ഫിറോസും നജീബ് കാന്തപുരവുമാണ്. അതേസമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നതിലുപരി ലീഗ് ഭാരവാഹി യോഗത്തിലുയർന്നത് നേതൃത്വത്തിനെതിരായ പൊതു വിമർശനമായിരുന്നു. സംഘടനാ രീതികളില്‍ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് കെ.എം ഷാജി അടക്കമുള്ള നേതാക്കള്‍ ഉന്നയിച്ചത്. വിമർശം തണുപ്പിക്കാനാണ് എല്ലാ വിഭാഗം നേതാക്കളെയും ഉള്‍പ്പെടുത്തി സമിതിയെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ചത്.
പ്രവർത്തക സമിതി ഒഴിവാക്കി നേതൃയോഗത്തിലേക്ക് ചുരുക്കിയപ്പോള്‍ വിമർശം കുറയുമെന്നായിരുന്നു നേതാക്കളുടെ പ്രതീക്ഷ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ചർച്ചാ വിഷയമായാല്‍ പ്രതിരോധിക്കാന്‍ തന്ത്രങ്ങളും നേതാക്കള്‍ മെനഞ്ഞിരുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തന രീതി സംബന്ധിച്ച കൃത്യമായ വിമർശമാണ് ഒരു വിഭാഗം നേതാക്കള്‍ ഉന്നയിച്ചത്.
കെ എം ഷാജി, പി എം സാദിഖലി, കെ.എസ് ഹംസ, മായിന്‍ ഹാജി തുടങ്ങിയവരാണ് പ്രധാനമായി വിമർശമുയർത്തിയതെങ്കിലും മിക്ക നേതാക്കളുടെ ഏറിയും കുറഞ്ഞും വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. ഏതാനും നേതാക്കള്‍ മാത്രമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി തന്നെ മാറണം. ഭരണഘടനാ പരമായ സംഘടനാ ഘടനകളിലൂടെയാകണം തീരുമാനങ്ങളുണ്ടാകാന്‍. കോണ്‍ഗ്രസിലുള്‍പ്പെടെ തലമുറമാറ്റമുണ്ടായി. പാർട്ടിയിലും നേതൃമാറ്റത്തിനും പ്രവർത്തന ശൈലിയുടെ മാറ്റത്തിനും സമയമായെന്നും നേതാക്കള്‍ പറഞ്ഞു.
വാർത്താ സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ സമ്മതിച്ചതും കുഞ്ഞാലിക്കുട്ടി തിരുത്തിയതുമെല്ലാം ഒമ്പത് മണികൂർ നീണ്ടുനിന്ന യോഗത്തിലെ ചർച്ചകളുടെ പ്രതിഫലനമാവുകയും ചെയ്തു.