ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു; പ്രതിഷേധകരെ അറസ്റ്റ് ചെയ്തുനീക്കി
മുഖ്യമന്ത്രി പിണറായി വിജയനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരന്റെ മൃതദേഹം സംസ്കരിച്ചു. മുതുകാട് ക്രിസ്തുരാജ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. ജോസഫിന്റെ മൃതദേഹവുമായി കോൺഗ്രസ് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
വാർദ്ധക്യ പെൻഷൻ മുടങ്ങിയതോടെ ജോസഫ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നും ഇക്കാര്യങ്ങൾ അധികൃതരെ കൃത്യമായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് അംഗം ജിതേഷ് പറയുന്നു. ജോസഫിന്റെത് സർക്കാർ സ്പോൺസർഡ് മരണമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
ജോസഫിന്റെ മൃതദേഹവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് പ്രതിഷേധം നടന്നത്. എം കെ രാഘവൻ എം പി, ലീഗ് നേതാവ് എംഎ റസാഖ് തുടങ്ങിയവർ പ്രധിഷേധത്തിൽ പങ്കെടുത്തു. രാവിലെ യൂത്ത് ലീഗ് പ്രവർത്തകർ കലക്ടറുടെ ചേമ്പർ ഉപരോധിച്ചിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജോസഫിന്റെ മരണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിരിക്കുകയാണ്. കേസിൽ കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കും. വൈകിട്ട് 4 മണിയോടെ മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ ജോസഫിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.