നടിയെ അക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിലെ തിയതി വ്യക്തമല്ലെന്ന് പ്രോസിക്യൂഷന്‍
തെളിവുകള്‍ കൃത്രിമമാണെന്ന് ദിലീപ് കോടതിയിൽ
നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിലെ തിയതി വ്യക്തമല്ലെന്ന് പ്രോസിക്യൂഷന്‍. തെളിവുകള്‍ കൃത്രിമമാണെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ശനിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിൻമാറി. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയത്.ഹരജി നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നതും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചത് എന്നതിലും വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ഫോറൻസിക് ലാബിൽ നിന്ന് ഒരിക്കൽ പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ പറയുന്ന സമയം ദിലീപ് ജയിലില്‍ ആയിരുന്നു. ദിലീപിന്‍റെ വീട്ടുജോലിക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നത് തെറ്റാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം