ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും

മൂന്നാമത്തെ തവണയാണ് ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റിയത്

Update: 2022-01-18 07:44 GMT
Advertising

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ആലുവ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു ചെങ്ങമനാട് എന്നിവര്‍ ഹരജി നൽകിയത്. ശരത്തിന്‍റെ വീട്ടില്‍ ഇന്നലെ അന്വേഷണസംഘം റെയ്ഡ് നടത്തുന്നതിന് മുന്‍പ് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ദിലീപിന്‍റെ അടുത്ത സുഹൃത്തായ ശരത്തിനെ ചോദ്യംചെയ്യലിന് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. പാസ്പോര്‍ട്ട് പിടിച്ചെടുത്തതിനാല്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടാവില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ ശരത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെയും അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കേണ്ടതിനാലാണ് പ്രോസിക്യൂഷന്‍ വെള്ളിയാഴ്ചത്തേക്ക് ജാമ്യാപേക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതിനിടെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി. ആലുവ മജിസ്ടേറ്റ് കോടതിയാവും രഹസ്യമൊഴി രേഖപ്പെടുത്തുക. പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരു വി.ഐ.പി ജാമ്യത്തിലിറങ്ങിയ സമയത്ത് ദിലീപിന് എത്തിച്ചുനല്‍കിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയാണ് അന്വേഷണം ശരത്തിലേക്കെത്താന്‍ കാരണം. ശരത്തിനായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. ഇന്നലെ ശരത്തിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശരത്തിന്‍റെ പാസ്പോർട്ട്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ദിലീപിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു ശേഷം ശരതിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചിരുന്നു. ഹാജരാകാന്‍ തയ്യാറാവാതെ ശരത് ഒളിവില്‍ പോയി. തനിക്ക് ബന്ധമില്ലാത്ത കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ശരത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് അമ്മ ശോഭന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതിനാലാണ് മകൻ എഴുതിയ കത്ത് പുറത്തുവിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് മകൻ എല്ലാം ചെയ്തതെന്നും അമ്മ  പ്രതികരിക്കുകയുണ്ടായി. കേസിൽ വേറെയും ആളുകളുണ്ടെന്നും അവർ പറഞ്ഞു. കത്ത് പുറത്തുവന്നതിനു പിന്നാലെ അന്വേഷണസംഘം അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു ദിവസം ജില്ലാകോടതിയിൽ വച്ചാണ് കത്ത് തന്നത്. ആരെയും കാണിക്കരുതെന്നും ജീവനിൽ നല്ല പേടിയുണ്ടെന്നും എന്നാണ് താൻ ഇല്ലാതാകുന്നതെന്നൊന്നും അറിയില്ലെന്നും പറഞ്ഞായിരുന്നു കത്ത് തന്നത്. അവൻ പറഞ്ഞിട്ട് കത്ത് പുറത്തുവിട്ടാൽ മതിയെന്നാണ് പറഞ്ഞിരുന്നത്- അമ്മ ശോഭന വെളിപ്പെടുത്തി.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News