ദിലീപിന്‍റെ ഫോണ്‍ പാസ്‍വേഡ് പാറ്റേണ്‍ അഭിഭാഷകന്‍ കോടതിക്ക് കൈമാറി
ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോ അഭിഭാഷകരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു
ദിലീപിന്‍റെ അഭിഭാഷകന്‍ ഫോണ്‍ പാസ്‍വേഡ് പാറ്റേണ്‍ കോടതിക്ക് കൈമാറി. ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോ അഭിഭാഷകരോ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുക ഏത് ലാബിലായിരിക്കും എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുക്കും.
ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകൾ തിരുവനന്തപുരം ഫോറെൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. കോടതിയുടെ അനുമതി ലഭിച്ചാൽ ദിലീപിന്‍റെ ശബ്ദ പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മൊബൈൽ ഫോണുകൾ ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിക്കുകയും ചെയ്തു.
കേസിൽ ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശക്തമാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. കോടതി അനുമതി ലഭിച്ചാൽ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന നടത്തും. ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ഇവരുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും പരിശോധന. കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹരജികൾ ഹൈക്കോടതി നാളെ പരിഗണിക്കും