ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു

ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്തത്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Update: 2022-01-23 14:54 GMT
Advertising

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവലെ ഒമ്പത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് ചോദ്യം ചെയ്യലിന് കോടതി അനുമതിയുള്ളത്. കൃത്യം എട്ട് മണിക്ക് തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്തത്.

ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മൊബൈൾ ഫോണുകൾ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡിലും ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞാണ് അഞ്ച് പ്രതികളേയും ചോദ്യം ചെയ്തത്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം നാളെ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൊഴികളിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് മൊഴികൾ പരിശോധിക്കുക.

ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നും റിപ്പോർട്ടുണ്ട്. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News