ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹരജിയിൽ വിധി ഇന്ന്; തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ആരോപണം
വിചാരണ കോടതിയാണ് പ്രോസിക്യൂഷന്റെ ഹരജിയിൽ വിധി പറയുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിൽ ഹൈക്കോടതിയും വാദം കേൾക്കും. നടിയെ അക്രമിച്ച കേസിൽ ഹൈക്കോടതി ദീലീപിന് ജാമ്യം നൽകിയപ്പോൾ മുന്നോട്ട് വെച്ച പ്രധാന വ്യവസ്ഥ സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നതുമായിരുന്നു. എന്നാൽ സാക്ഷിയായ ആലുവയിലെ ഡോ. ഹൈദരലിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചു, കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകൾ നശിപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ ദിലീപ്, സഹോദരൻ അനൂപ്, ശരത്, സുരാജ്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെ സഹോദരൻ അനൂപിന്റെ സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കണമെന്ന ആവശ്യവും കോടതിയിൽ ക്രൈംബ്രാഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വിചാരണ കോടതി ഇന്ന് തീരുമാനം പറഞ്ഞേക്കും. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന്റെ തെളിവായാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ബാലചന്ദ്രകുമാറിന്റെ ശബ്ദ സന്ദേശങ്ങൾ റെക്കോഡ് ചെയ്ത തിയതി ക്യത്യമായി കണ്ടെത്തണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.