ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മുൻ മജിസ്ട്രേറ്റിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ നിർദേശം
ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി.
ഹൈക്കോടതിയെ വിമർശിച്ചതിന്‍റെ പേരിൽ മുൻ മജിസ്ട്രേറ്റിനോട് നേരിട്ട് ഹാജരായി മറുപടി നൽകാൻ നിർദേശം. മോൻസൻ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമശിച്ച പെരുമ്പാവൂര്‍ മുൻ മജിസ്ട്രേറ്റ് എസ് സുദീപിനോടാണ് ഈ മാസം 23ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.
മോൻസൻ കേസിൽ ഹൈക്കോടതി അധികാര പരിധിവിട്ടെന്ന സുദീപിന്‍റെ വിമർശനത്തിലാണ് നടപടി. മുൻ മജിസ്ട്രേറ്റിന് ഈ കേസിൽ എന്തോ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും മോൻസനെ സംരക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കാൻ രജിസ്ട്രിക്ക് സിംഗിൾബെഞ്ച് നിർദേശം നൽകി. മോൻസൻ കേസിൽ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെന്‍റും സഹകരിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഐ.ജി ലക്ഷ്മണയ്ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിവുകൾ കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.