ലക്ഷദ്വീപും രാജ്യദ്രോഹക്കുറ്റവും പ്രമേയമായി പുതിയ ചിത്രം; പിറന്നാൾദിനത്തിൽ ഐഷ സുൽത്താനയുടെ പ്രഖ്യാപനം

124(A) രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടെയും കഥ

Update: 2021-12-02 10:37 GMT
Editor : Lissy P | By : Web Desk
Advertising

രാജ്യദ്രോഹക്കുറ്റവും ലക്ഷദ്വീപും പ്രമേയമാകുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് സിനിമാ പ്രവർത്തക ഐഷ സുൽത്താന. '124(A)' എന്നാണ് ചിത്രത്തിന്റെ പേര്. പിറന്നാൾ ദിനത്തിലാണ് ഐഷ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ലക്ഷദ്വീപിൽനിന്നുള്ള ആദ്യ ചലച്ചിത്ര സംവിധായികയായ ഐഷയുടെ രണ്ടാമത്തെ ചിത്രമാണിത്. തന്റെ മാത്രം കഥയല്ല ഇതെന്നും രാജ്യത്തെ സ്നേഹിക്കുന്ന മുഴുവൻ പേരുടെയും കഥയാണെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരായ പരാമർശത്തിന്റെ പേരിൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

സംവിധായകൻ ലാൽജോസാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. ''ഐഷ എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. സിനിമയുടെ പേര് കൗതുകമുണർത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോൾ മുതൽ ഈ വകുപ്പിനെ ചൊല്ലി ചർച്ചകൾ തുടങ്ങിയതാണ്. ഐഷയുടെ പടം തുടർചർച്ചകൾക്കിടയാകട്ടെ''- ലാൽജോസ് ആശംസിച്ചു.

കൊച്ചിയിലും പരിസരത്തുമായിരിക്കും സിനിമ ചിത്രീകരിക്കുന്നത്. സിനിമയുടെ രചനയും സംവിധാനവും നിർമാണവും ഐഷ സുൽത്താനതന്നെയാണ്. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ കാമറാമാൻ നിമിഷ് രവിയാണ് ഇതിലും കാമറ ചെയ്യുന്നത്. സംഗീതം വില്ല്യം ഫ്രാൻസിസ്, എഡിറ്റർ നൗഫൽ അബ്ദുല്ല, ആർട്ട് ബംഗ്ലാൻ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മേക്കപ്പ് ആർ ജെ വയനാട്, ഡയറക്ടർ ഓഫ് ഓഡിയോഗ്രഫി രഞ്ജുരാജ് മാത്യു, ലൈൻ പ്രൊഡ്യൂസർ ടി. പ്രശാന്ത്, പി.യാസർ അറാഫത്ത് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ആൻറണി കുട്ടമ്പുഴ, പ്രൊജക്ട്് ഡിസൈനർ നാദി ബക്കർ, പ്രണവ് പ്രശാന്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് തോമസ്, സ്റ്റിൽ രാജേഷ് നടരാജൻ, പി.ആർ.ഒ പി.ആർ സുമേരൻ, ഡിസൈനർ ഹസീം മുഹമ്മദ് എന്നിവരാണ്.

ഐഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം??

ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം,

ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്‌കൂൾ യുണിഫോം ധരിച്ചു സ്‌കൂൾ മൈതാനത്തു ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,' ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് എല്ലാ ദിവസവും സ്‌കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തിലേക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്‌ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു.

ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ല ചിലർ എന്നെ മാറ്റിയിരിക്കുന്നു. ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി?? എന്റെ നേരാണ് എന്റെ തൊഴിൽ,വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം.

ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം . 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു. ഇതെന്റെ കഥയാണോ? അല്ലാ... പിന്നെ... ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്.

We fall only to rise again.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News