സംവിധായകൻ ഡോ. ബിജു കെഎസ്‌എഫ്‌ഡിസി ബോർഡ് അംഗത്വം രാജിവച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. പിന്നാലെയാണ് ബിജുവിന്റെ രാജി.

Update: 2023-12-12 10:05 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സംവിധായകൻ ഡോക്ടർ ബിജു കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാലാണു രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ രാജി. 

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് ബിജുവിനെ പരിഹസിച്ചതാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിയേറ്ററിൽ ആളുകയറാത്ത സിനിമകൾ എടുക്കുന്ന ബിജുവിനെ പോലെയുള്ളവർക്ക് എന്ത് പ്രസക്തിയാണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ എന്ന സിനിമയുടെ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരിഹാസം. 

ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയാണ് അദൃശ്യജാലകങ്ങൾ. തിയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല എന്ന് പ്രതികരിച്ചുകൊണ്ട് ഡോ.ബിജു തിരിച്ചടിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ എഫ് എഫ് കെ യിൽ ഡെലിഗേറ്റുകൾ കാണുന്ന ഒരു ചിത്രത്തിന്റെ സംവിധായകന്റെ പ്രസക്തി എന്താണ് എന്നത് വിലയിരുത്താൻ രഞ്ജിത്ത് ആളായിട്ടില്ലെന്നും ബിജു ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

Full View

ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചും രഞ്ജിത്തിനെ വിമർശിച്ചും രംഗത്തെത്തിയത്. ബിജുവിന്റെ പ്രതികരണം വലിയ ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്കെയിൽ തന്റെ സിനിമ കാണാൻ നിൽക്കുന്ന ഡെലിഗേറ്റുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. പിന്നാലെയാണ് രാജി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News