'മരണം സ്വാഭാവികമാണെന്നും ദുരൂഹതയില്ലെന്നും വിശ്വസിപ്പിച്ചു'; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നയന സൂര്യയുടെ കുടുംബം

'' പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ തന്നെ കിട്ടിയിരുന്നു. പൊലീസിനെ വിശ്വസിച്ച് റിപ്പോർട്ട് പരിശോധിച്ചില്ല''

Update: 2023-01-03 02:07 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ. 'മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് തങ്ങളെ അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ തന്നെ കിട്ടിയിരുന്നു'. പൊലീസിനെ വിശ്വസിച്ച്  റിപ്പോർട്ട് പരിശോധിച്ചില്ലെന്നും നയനയുടെ സഹോദരങ്ങൾ പറഞ്ഞു.

'അസുഖത്തെ തുടർന്ന് ആരും നോക്കാനില്ലാതെ നയന മരിച്ചു എന്നാണ് കരുതിയത്. ഇപ്പോൾ തങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുവരുന്ന വിവരങ്ങൾ കാണുമ്പോൾ ദുരൂഹത തോന്നുന്നു. നയനയുടെ കഴുത്ത് ഞെരിഞ്ഞിരുന്നതായും അടിവയറ്റിൽ പാടുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ ഉണ്ട്'.കേസിൽ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. നയനയുടെ ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റിൽ ചവിട്ടേറ്റതുപോലെ ക്ഷതമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്.

അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിൻറെ ആഘാതത്തിൽ നയന വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പ്രമേഹ രോഗിയായ നയന മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News