സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു
എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നാളെ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം
കൊച്ചി: സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര മേഖലയിൽ സംവിധായകൻ, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിൽ സജീവമായിരുന്നു സിദ്ദിഖ്.
നാളെ രാവിലെ 9 മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനമുണ്ടാകും. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് 6 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.
ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ സിദ്ദിഖ് സംവിധാനം ചെയ്ത സിനിമകള്‍ ബോക്സ്ഓഫീസില്‍ തരംഗമായിരുന്നു. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന സിനിമ സംവിധാനം ചെയ്താണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. നടനും സംവിധായകനുമായ ലാലിനൊപ്പം ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തത്. അതിനു മുന്‍പുതന്നെ 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയുടെ തിരക്കഥ സിദ്ദിഖ് എഴുതിയിരുന്നു. 1987ല്‍ നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥയെഴുതി.
സംവിധായകൻ ഫാസിലിന്‍റെ സഹായിയായാണ് സിദ്ദിഖ് സംവിധാന ജീവിതം തുടങ്ങിയത്. കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടിയതും തന്റെ കൂടെ കൂട്ടിയതും.
റാംജിറാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളൊക്കെയും വന്‍ ഹിറ്റായിരുന്നു. ഈ സിനിമകളുടെ തിരക്കഥ ഒരുക്കിയതും ഇരുവരും ചേര്‍ന്നായിരുന്നു. ഹിറ്റ്ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലർ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ സിനിമകള്‍ സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്തു. ആകെ 29 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങൾ തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റി. ജനകീയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഗോഡ്ഫാദര്‍ സ്വന്തമാക്കി. ഫുക്രി, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ നിര്‍മിച്ചതും സിദ്ദിഖാണ്.
ഭാര്യ- ഷാജിദ, മക്കൾ- സുമയ്യ, സാറ, സുക്കൂൻ
മരുമക്കൾ- നബീൽ, ഷെഫ്സിൻ