ലീഗിൽ അച്ചടക്ക നടപടി; എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്‌പെൻഡ് ചെയ്തു
യൂത്ത് ലീഗിന്റെ ജാഥയുമായി ബന്ധപ്പെട്ട് ആലുവയിൽ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിപ്പറിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്.
കൊച്ചി: മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റിനെ കയ്യേറ്റം ചെയ്ത മൂന്നു പേരെ സസ്‌പെൻഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ആലുവ മണ്ഡലം ട്രഷറർ സൂഫീർ ഹുസൈൻ, തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറി മുഹമ്മദ് സാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
യൂത്ത് ലീഗിന്റെ ജാഥയുമായി ബന്ധപ്പെട്ട് ആലുവയിൽ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിപ്പറിച്ച് അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. വി.കെ ഇബ്രാഹീം കുഞ്ഞ്, ടി.എ അഹമ്മദ് കബീർ പക്ഷങ്ങൾ തമ്മിലുള്ള തർക്കം മൂലം ഏറെ നാളായി ജില്ലയിൽ ലീഗിന്റെ സംഘടനാ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
ഹംസ പറക്കാട്ടിലിന്റെ മൈക്ക് തട്ടിത്തെറിപ്പിച്ചതിനാണ് അബ്ദുല്ല കാരുവള്ളിക്കെതിരെ നടപടിയെടുത്തത്. ഇയാൾ ഇബ്രാഹീം കുഞ്ഞ് പക്ഷക്കാരനാണ്. ഇത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനാണ് അഹമ്മദ് കബീർ പക്ഷക്കാരായ സുഫീർ ഹുസൈൻ, മുഹമ്മദ് സാബു എന്നിവരെ സസ്‌പെൻഡ് ചെയ്തത്.