കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം: കേന്ദ്ര സർക്കാർ സമീപനം പ്രതിഷേധാർഹം - ഐഎസ്എം
‘ഈ സമീപനത്തോട് ശക്തമായ പ്രതിഷേധം മലയാളി സമൂഹം രേഖപ്പെടുത്തണം’
കോഴിക്കോട്: കേരളത്തിൽ നിന്നും ഹജ്ജിന് പുറപ്പെടുന്ന വിശ്വാസികളോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണെന്ന് ഐഎസ്എം സംസ്ഥാന പ്രസിഡൻ്റ് ശരീഫ് മേലേതിലും ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹിയും പ്രസ്താവനയിൽ പറഞ്ഞു. കൊച്ചിയിലെയും കണ്ണൂരിലെയും എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും 85,000 രൂപക്ക് പുറപ്പെടുമ്പോൾ കോഴിക്കോട് എയർപോർട്ടിൽ നിന്നും എയർ ഇന്ത്യ വാങ്ങുന്നത് 1,65,000 രൂപയാണ്.
കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാൻ തയ്യാറായ സൗദി എയർലൈൻസിനെ അടക്കം മാറ്റിനിർത്തി കൊണ്ടാണ് ആഗോള ടെൻഡറിന്റെ പേരിൽ എയർ ഇന്ത്യക്ക് ഇത് ഏൽപ്പിച്ചുകൊടുത്തത്. വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന കർമ്മം നിർവഹിക്കാൻ പുറപ്പെടുന്നവരോട് കാണിക്കുന്ന ഈ സമീപനത്തോട് ശക്തമായ പ്രതിഷേധം മലയാളി സമൂഹം രേഖപ്പെടുത്തണം.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അപാകതയെ കുറിച്ച് ചോദ്യമുയർത്തുന്ന മാധ്യമപ്രവർത്തകരോട് നിങ്ങൾ വിമാനം കൊണ്ടുവരൂ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുന്നത് എത്രമാത്രം പരിഹാസ്യമാണ്. തങ്ങളുടെ കഴിവുകേടുകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പരിഹാസങ്ങൾ.
കേരളത്തിൽ നിന്നുള്ള 80 ശതമാനം ഹാജിമാരും പുറപ്പെടുന്ന കോഴിക്കോട് എയർപോർട്ടിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാറിൻ്റെ ഈ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.