കൊടകര കുഴല്‍പ്പണ കേസ്; ബിജെപിയില്‍ പൊട്ടിത്തെറി
കേസുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിന് ബി.ജെ.പി നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഒ.ബി.സി മോർച്ച ഉപാധ്യക്ഷൻ പൊലീസില്‍ പരാതി നൽകി
കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി തൃശൂർ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. കേസുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതിന് ബി.ജെ.പി നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഒ.ബി.സി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു പരാതി നൽകി. പിന്നാലെ ഋഷി പൽപ്പുവിനെ പുറത്താക്കിയെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു.
അതിനിടെ പണവുമായി എത്തിയ സംഘത്തിന് തൃശൂരിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയെന്ന് അന്വേഷണ സംഘത്തിന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷ് മൊഴി നൽകി. കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി ഫേസ്ബുക്കിൽ പോസ്റ്റിട്ടതാണ് വധഭീഷണിയ്ക്ക് കാരണമെന്നാണ് ഋഷി പൽപ്പുവിന്‍റെ പരാതി.
ബി.ജെ.പി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു ഋഷി പൽപ്പുവിന്റെ പോസ്റ്റ്. പിന്നാലെ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
അതിനിടെ കൊടകരയിൽ വെച്ച് കവർച്ച ചെയ്ത പണവുമായി എത്തിയ സംഘത്തിന് ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ റൂം എടുത്തുനൽകിയതെന്ന് സതീശൻ മൊഴി നൽകി. ആർക്കാണ് മുറിയെടുക്കുന്നത് എന്ന് അറിയില്ലായിരുന്നു എന്നും, ഓഫീസ് സെക്രട്ടറിയായത് 4 മാസം മുമ്പാണെന്നും, കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും സതീഷ് വെളിപ്പെടുത്തി.
ബിജെപി ജില്ലാ ട്രഷറർ സുജയ് സേനന്റെ ബിസിനസ് പങ്കാളി പ്രശാന്തിനേയും ചോദ്യം ചെയ്തു. പണമിടപാടിൽ പ്രശാന്തിന് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. കവർച്ച ചെയ്ത 3.5 കോടിരൂപയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും രണ്ടര കോടി രൂപ കണ്ടെത്താനുണ്ട്. ഇതിനായാണ് അന്വേഷണ സംഘം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പരിശോധന നടത്തുന്നത്.
പണം 20 പേർക്കായി വീതിച്ചു നൽകിയെന്നാണ് പ്രതികളുടെ മൊഴി. നഷ്ടപ്പെട്ട പണം ബിജെപിയുടേതാണോ എന്ന കാര്യമാണ് നിലവിൽ അന്വേഷിക്കുന്നത്. കൂടുതൽ നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിനെ ചൊല്ലി കഴിഞ്ഞദിവസം ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ ഹിരണിനെ കുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. സഫലേഷ്, സഹലേഷ്, സജിത്ത്, വിപിൻ ദാസ് എന്നിവരാണ് അറസ്റ്റിലായത്.