സമരങ്ങളിലെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ പർവതീകരിക്കരുത്, ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടായിട്ടില്ല: മന്ത്രി വി. ശിവൻകുട്ടി
പണിമുടക്ക് ദിവസം സർക്കാർ ജീവനക്കാർ ഹാജരാകണമെന്ന ഹൈക്കോടതി വിധിയിൽ പഠിച്ചിട്ട് മറുപടി പറയാമെന്നും മന്ത്രി
ദേശിയ പണിമുടക്കിനിടെയുണ്ടായ ഒറ്റപ്പെട്ട അക്രമസംഭവങ്ങളെ പർവതീക്കരിക്കരുതെന്ന് തൊഴിൽ,വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ജനങ്ങൾക്ക് പ്രപയാങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും തൊഴിലാളികളുടെ ബുദ്ധിമുട്ടും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയ പണിമുടക്കിന്റെ പശ്ചാതലത്തിൽ സംസ്ഥാനത്ത് ചില അക്രമ സംഭവങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
പണിമുടക്ക് ദിവസം സർക്കാർ ജീവനക്കാർ ഹാജരാകണമെന്ന ഹൈക്കോടതി വിധിയിൽ പഠിച്ചിട്ട് മറുപടി പറയാമെന്നും മന്ത്രി പറഞ്ഞു. അതേസമയം കോതമംഗലം പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ മനോജിനെ സമരാനുകൂലികൾ മർദ്ദിച്ചു. നിലത്തിട്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തുവെന്ന് പഞ്ചായത്ത് സെക്രട്ടറി പരാതിപ്പെട്ടു.
പണിമുടക്ക് ദിനത്തിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് സമരക്കാർ തകർത്തു. കൊച്ചി അമ്പലമുകൾ റിഫൈനറിയിലും പാലക്കാട് കഞ്ചിക്കോടും ജോലിക്കെത്തിയവരെ സമരക്കാർ തിരിച്ചയച്ചു. സംസ്ഥാനത്ത് പൊതുവെ പണിമുടക്ക് സമാധാനപരമായിരുന്നുവെങ്കിലും ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. കോഴിക്കോട് ഓട്ടോറിക്ഷകൾ തടഞ്ഞ സമരാനുകൂലികൾ ടയറിൻറെ കാറ്റ് അഴിച്ചു വിട്ടു.അശോകപുരത്ത് കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ അടിച്ചു തകർത്തു. മഞ്ചേരിയിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞു.
തിരുവനന്തപുരം കാട്ടാക്കടയിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ എല്ലാം സമരക്കാർ തിരിച്ചുവിട്ടു. റോഡിൽ കസേരകൾ നിരത്തിയാണ് ഗതാഗതം തടഞ്ഞത്. പണിമുടക്കിൽ പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖല പൂർണ്ണമായും സ്തംഭിച്ചു . കിൻഫ്രയിലേക്ക് ജോലിക്കായി എത്തിയ തൊഴിലാളികളെ സമരക്കാർ തിരിച്ചയച്ചു. എറണാകുളത്ത് ബി.പി.സി.എല്ലിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞെങ്കിലും, പൊലീസ് ഇടപെട്ട് ജോലിക്ക് കയറ്റി. പണിമുടക്ക് വിലക്കി കൊണ്ടു ബി.പി.സി.എൽ മാനേജ്‌മെൻറ് നേടിയ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് സമരക്കാർ പറഞ്ഞു.എറണാകുളം പള്ളിക്കരയിൽ പൊലീസ് സംരക്ഷണത്തിൽ കടകൾ തുറന്ന വ്യാപാരികൾക്ക് എതിരെ സമരക്കാർ പ്രതിഷേധ പ്രകടനം നടത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ സമരക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.