'ഒപി കഴിഞ്ഞുപോകുമ്പോൾ ലേബർ റൂമിലേക്ക് ഒന്ന് ഏന്തിനോക്കിയാൽ മതിയായിരുന്നു, അതുപോലും ചെയ്തില്ല'; ആശുപത്രിക്കെതിരെ ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ

കുഞ്ഞ് മരിച്ച ശേഷം മാതാവിനുണ്ടായ പ്രയാസങ്ങൾക്ക് മതിയായ ചികിത്സ നൽകാൻ ഡോക്ടർ തയ്യാറായില്ലെന്നും കുടുംബം

Update: 2023-03-05 13:13 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിൽ ആശുപത്രിക്കെതിരെ ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ. രോഗിയെ പരിചരിക്കുന്നതിൽ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചു. കുഞ്ഞ് മരിച്ച ശേഷം മാതാവിനുണ്ടായ പ്രയാസങ്ങൾക്ക് മതിയായ ചികിത്സ നൽകാൻ ഡോക്ടർ തയ്യാറായില്ലെന്നും രോഗിയുടെ കുടുംബം ആരോപിച്ചു.

'ഞങ്ങളെ കുഞ്ഞ് പത്ത് ദിവസമായി അവിടെ കിടക്കുന്നു. ഇന്നലെ രാവിലെ ഞങ്ങൾ മോളെ വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകട്ടെ എന്ന് ചോദിച്ചു. അപ്പോൾ പറയുകയാണ് എഴുതി തന്നിട്ട് കൊണ്ടുപോകണം..ഞങ്ങൾ റിപ്പോർട്ട് തരില്ലെന്ന്. അങ്ങനെയുള്ള ആളെക്കൊണ്ട് എങ്ങനെയാണ് വേറെ ആശുപത്രിയിൽ കൊണ്ടുപോകുക'.യുവതിയുടെ ഭർതൃമാതാവ് ഫാത്തിമ മീഡിയവണിനോട് പറഞ്ഞു.

'നീല നിറത്തിലുള്ള കുഞ്ഞിനെയാണ് ഞങ്ങൾക്ക് തരുന്നത്. ഇരുപത്തിയേഴാം തീയതി അഡ്മിറ്റിന് ചെല്ലാൻ പറഞ്ഞതാ. കടുത്ത പനിയായത് കൊണ്ടാണ്  ഇരുപത്തി നാലാം തീയതി ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ ഡോക്ടർ തിരിഞ്ഞുനോക്കിയില്ല. ഡോക്ടർക്ക് ഭയങ്കര തിരക്ക് മാത്രം. ആറ് മണിക്ക് ഒപി കഴിഞ്ഞ് പോകുമ്പോൾ ഒന്ന് ലേബർ റൂമിലേക്ക് ഏന്തി നോക്കിയാൽ മതിയായിരുന്നു. അതുപോലും ചെയ്തില്ല. അങ്ങനെയാണ് കുഞ്ഞ് മരിക്കാൻ കാരണം...ഇതൊന്നും ആർക്കും അറിയണ്ടേ. ഡോക്ടറെ അടിച്ചത് മാത്രമാണ് ഇപ്പോൾ എല്ലാവർക്കും പ്രശ്‌നമെന്നും ഫാത്തിമ പറഞ്ഞു.

സിസേറിയനെ തുടർന്ന് കുഞ്ഞ് മരിച്ചതും അമ്മ ഗുരുതരാവസ്ഥയിലായതും ആശുപത്രിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്.

കഴിഞ്ഞ മാസം 24 ന് സിസേറിയൻ കഴിയുകയും രോഗാണുബാധ കാരണം ആശുപത്രിയില്‍ തുടരുകയും ചെയ്ത രോഗിയുടെ ബന്ധുക്കളാണ് ആശുപത്രിയിൽ ആക്രമണം നടത്തിയത്. സ്‌കാനിങ് റിപ്പോർട്ട് വൈകിയെന്നാരോപിച്ച് തുടങ്ങിയ തർക്കം ഡോക്ടറെ മർദിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

അതേസമയം, കുടുംബത്തിന്റെ ആരോപണം ചികിത്സിച്ച ഡോക്ടറും ആശുപത്രിയും പൂർണമായും തള്ളി. കുഞ്ഞിനെ രക്ഷിക്കാനാണ് അടിയന്തരമായി സിസേറിയൻ നടത്തിയത്. യുവതിയുടെ അണുബാധയുടെ കാരണം കണ്ടെത്തുകയും ചികിത്സ പുരോഗമിക്കുകയുമായിരുന്നെന്നും ഡോക്ടർ വിശദീകരിച്ചു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനൊപ്പം ആശുപത്രി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മർദിച്ചവർ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News