നാല് വയസുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

Update: 2024-05-16 14:15 GMT
Advertising

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നാല് വയസ്സുകാരിക്കാണ് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരല്‍ നീക്കാനാണ് കുട്ടി മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറങ്ങിയപ്പോള്‍ കൈയില്‍ ശസ്ത്രക്രിയയയുടെ അടയാളമൊന്നും ഉണ്ടായിരുന്നില്ല. വായില്‍ ശസ്ത്രക്രിയ നടത്തിയ രീതിയിലാണ് നാവിനടിയില്‍ പഞ്ഞിവച്ച നിലയില്‍ കുഞ്ഞ് പുറത്തേക്ക് വന്നത്.

ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായില്‍ നടത്തിയല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ വായിലല്ല, കൈയിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. എന്നാല്‍ നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി. ഇത് സംബന്ധിച്ച് രോഗിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്താനായില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വീഴ്ച ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് പിന്നീട് വിരലിനും ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. കുട്ടിക്ക് സംസാരിക്കാന്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും നാവിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അതിനുള്ള ചികിത്സയ്ക്കല്ല എത്തിയതെന്നും കുടുംബം പറയുന്നു. നാവിന് കുഴപ്പമൊന്നും ഇല്ലെന്നിരിക്കെ വീട്ടുകാരോട് പറയാതെ അതിന് ശസ്ത്രക്രിയ നടത്തിയതിലൂടെ ഗുരുതരവീഴ്ചയാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ശസ്ത്രക്രിയ കുടുംബത്തിന്റെ അറിവോടെയല്ലെന്നും ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും ഡോക്ടര്‍ എഴുതി നല്‍കി. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News