കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം
നാളെ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും
തിരുവനന്തപുരം: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും.
പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.
അതേസമയം, പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമുണ്ടായി. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു.
പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.