അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ മതവിശ്വാസികളെ അടച്ചാക്ഷേപിക്കരുത്: സത്താർ പന്തല്ലൂർ
''വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയവയെ ഒരു യുക്തിവാദിയുടെ വിക്ഷണത്തിൽ നിർവ്വചിച്ച്, അതിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തും''
കോഴിക്കോട്: അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ മതവിശ്വാസികളെ മുഴുവൻ അടച്ചാക്ഷേപിക്കരുതെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾ വിശ്വാസികളും, ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവ്വഹിക്കുന്നവരാണ്. ആത്മീയതയെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിലനിർത്തുന്നവർ എല്ലാ സമൂഹങ്ങളിലുമുണ്ട്. പ്രാർത്ഥനകളും ആത്മീയ സദസ്സുകളും ചികിത്സാരീതികളും കാലങ്ങളായി നില നിൽക്കുന്നുണ്ട്. ഇതിന്റെ മറവിലെ കള്ള നാണയങ്ങളാണ് ചൂഷണങ്ങളും തട്ടിപ്പുകളുമായി ഇറങ്ങിത്തിരിക്കുന്നത്. ചിലർ മതവിശ്വാസികൾ പോലുമല്ലാത്ത കൊടും ക്രിമിനലുകൾ പോലുമാണ്. ഇതിനെ രണ്ടിനേയും രണ്ടായി കാണാൻ അന്ധവിശ്വാസത്തിനെതിരെ നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നവർക്കാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ നിയമ നിർമ്മാണം പലപ്പോഴും കേരളത്തിൽ ചർച്ചക്ക് വരാറുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസും കെ.ഡി പ്രസേനൻ എം എൽ എ യും ഇവ്വിഷയകമായി നിയമ സഭയിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിരുന്നു.
ആത്മീയ ചികിത്സാ തട്ടിപ്പുകളും ചൂഷണങ്ങളും വാർത്തയാവുമ്പോൾ സ്വാഭാവികമായും നിയമനിർമാണം ചർച്ചയാവും. മത ജാതി വ്യത്യാസങ്ങൾക്കതീതമായി വിവിധ സമൂഹങ്ങൾക്കിടയിൽ പല ലേബലുകളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളുടെ കൊലപാതകത്തിലേക്കെത്തിച്ച നരബലി ഇത്തരം നിയമ നിർമ്മാണങ്ങളുടെ പ്രസക്തി വർധിപ്പിക്കുകയാണ്. ഇത്തരം കൊടും ക്രൂരതകളും തട്ടിപ്പുകളും ഇല്ലായ്മ ചെയ്യാൻ ശക്തമായ നിയമങ്ങൾ ആവശ്യവുമാണ്.
എന്നാൽ കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങൾ വിശ്വാസികളും, ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവ്വഹിക്കുന്നവരാണ്. ആത്മീയതയെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നിലനിർത്തുന്നവർ എല്ലാ സമൂഹങ്ങളിലുമുണ്ട്. പ്രാർത്ഥനകളും ആത്മീയ സദസ്സുകളും ചികിത്സാരീതികളും കാലങ്ങളായി നില നിൽക്കുന്നുണ്ട്. ഇതിൻ്റെ മറവിലെ കള്ള നാണയങ്ങളാണ് ചൂഷണങ്ങളും തട്ടിപ്പുകളുമായി ഇറങ്ങിത്തിരിക്കുന്നത്. ചിലർ മതവിശ്വാസികൾ പോലുമല്ലാത്ത കൊടും ക്രിമിനലുകൾ പോലുമാണ്. ഇതിനെ രണ്ടിനേയും രണ്ടായി കാണാൻ നിയമനിർമ്മാണത്തിന് നേതൃത്വം നൽകുന്നവർക്കാവണം. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും നേരെ പുറംതിരിഞ്ഞു നിൽക്കുന്നവർ യഥാർത്ഥ മതവിശ്വാസികളെ തന്നെ ഇതിൻ്റെ മറവിൽ അടച്ചാക്ഷേപിക്കുന്നത് കാണുന്നുണ്ട്. അത്തരക്കാർക്ക് സംസ്ഥാന സർക്കാറിലും മേൽക്കൈയുള്ള സന്ദർഭമാണിത്. അതു കൊണ്ട് വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയവയെ ഒരു യുക്തിവാദിയുടെ വിക്ഷണത്തിൽ നിർവ്വചിച്ച്, അതിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തും. അതിൻ്റെ ഒരു അത്യാവേശം ചില കേന്ദ്രങ്ങളിൽ പ്രകടവുമാണ്. എന്നാൽ മേൽ സൂചിപ്പിച്ച തട്ടിപ്പു സംഘങ്ങളെ പിടിച്ചു കെട്ടണമെന്ന കാര്യത്തിൽ വിട്ട് വീഴ്ചയും വേണ്ട.
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ നിയമ നിർമ്മാണം പലപ്പോഴും കേരളത്തിൽ ചർച്ചക്ക് വരാറുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ്...
Posted by Sathar panthaloor on Thursday, October 13, 2022