സി.ഐ.സി പഠനത്തിൽ ആശങ്ക വേണ്ട; എല്ലാം കൃത്യമായി നടക്കും: സാദിഖലി തങ്ങൾ
സി.ഐ.സി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെയാണ് സമസ്ത ചുമതലപ്പെടുത്തിയത്.
മലപ്പുറം: സി.ഐ.സി പഠനത്തിൽ വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇപ്പോൾ നടക്കുന്ന പരീക്ഷയും ഫൈനൽ പരീക്ഷയുമെല്ലാം കൃത്യമായി നടക്കും. അക്കാദമിക് രംഗത്ത് ഒരു പ്രശ്‌നമവും ഉണ്ടാവില്ല. വിദ്യാർഥികൾക്ക് ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും തങ്ങൾ പറഞ്ഞു.
സി.ഐ.സി ജനറൽ സെക്രട്ടറി ഹകീം ഫൈസി ആദൃശേരിയെ മാറ്റിനിർത്തരുതെന്ന് ആവശ്യപ്പെട്ട് സി.ഐ.സി സ്ഥാപനങ്ങളിലെ അധ്യാപകർ ഇന്ന് പാണക്കാട്ടെത്തിയിരുന്നു. തങ്ങൾ സന്തോഷകരമായ മറുപടിയാണ് നൽകിയതെന്ന് അധ്യാപകർ മീഡിയവണിനോട് പ്രതികരിച്ചു. പ്രശ്‌നങ്ങൾക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
ഹകീം ഫൈസിക്ക് പിന്തുണ അറിയിച്ച് വിദ്യാർഥി പ്രതിനിധികളും സാദിഖലി തങ്ങളെ കണ്ടിരുന്നു. സമസ്തയുടെ ആദർശത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നടപടിയെടുത്തത്. പിന്നീട് സാദിഖലി തങ്ങളുടെ നിർദേശപ്രകാരമാണ് ഹകീം ഫൈസി സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചത്.
രണ്ട് ദിവസം മുമ്പ് പാണക്കാട് എത്തിയ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.