'വാപ്പ പോയി, എല്ലാം പണത്തിന് വേണ്ടി മാത്രം'; നോവായി ഷഹനയുടെ മരണം
തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർ ഷഹന(28)യുടെ മരണം സ്ത്രീധനത്തെ ചൊല്ലി പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത് മൂലമെന്ന് ബന്ധുക്കൾ. സുഹൃത്തായ ഡോക്ടറുമായാണ് ഷഹനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഭീമമായ സ്ത്രീധനമാണ് ചോദിച്ചതെന്നും ഇതിൽ ഷഹനയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. ഷഹന എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
'വാപ്പ പോയി. എനിക്ക് ആശ്രയമില്ലാതെയായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിനു വേണ്ടി മാത്രം' - എന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും വനിതാ കമ്മിഷനും അന്വേഷണം പ്രഖ്യാപിച്ചു. ശിശുവികസന വകുപ്പ് ഡയറക്ടറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചിട്ടുള്ളത്.
മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സമയമായിട്ടും കാണാതായതോടെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലിലാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനസ്‌തേഷ്യക്ക് നൽകുന്ന മരുന്ന് അമിതനിലയിൽ കുത്തിവച്ചായിരുന്നു മരണം. മുറിയിൽ നിന്ന് മരുന്നുകുപ്പികളും സിറിഞ്ചും പൊലീസ് കണ്ടെടുത്തിരുന്നു.