ക്ഷേത്ര പരിസരത്തിരുന്ന് മദ്യപാനം; ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ
കുളത്തൂപ്പുഴ സ്വദേശി ബാബുവിനെ തെളിവുകൾ സഹിതമാണ് പിടികൂടിയത്
കൊല്ലം: കൊല്ലത്ത് ക്ഷേത്ര കോമ്പൗണ്ടിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ ബാബുവാണ് പിടിയിലായത്. ഇയാൾക്കെതിരെയുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഏരൂർ തൃക്കോയ്ക്കൽ ക്ഷേത്രത്തിലെ കൊട്ടാരത്തിൽ ഇരുന്ന് ജീവനക്കാരൻ മദ്യപിക്കുമ്പോഴാണ് ദേവസ്വം ബോർഡ് വിജിലൻസ് സംഘം എത്തിയത്. കുളത്തൂപ്പുഴ സ്വദേശി ബാബുവിനെയാണ് തെളിവുകൾ സഹിതം പിടികൂടിയത്. ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
മദ്യം ഒഴിച്ച ഗ്ലാസും മദ്യക്കുപ്പിയും സംഘം പിടിച്ചെടുത്തു. സമീപത്ത് നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപനങ്ങളുടെ കവരും കണ്ടെത്തി. കണ്ടെടുത്ത മദ്യക്കുപ്പികൾ താൻ മാത്രമായി ഉപയോഗിച്ചതല്ല എന്നാണ് ബാബുവിന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ദേവസ്വം വിജിലൻസിന്റെ തീരുമാനം.