ആ വലിയ പൂട്ടിടാനിനി താമസിക്കരുത്, ഒരു നിമിഷം പോലും
കേരളത്തിലെ മിക്ക ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേരളം എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് ഐ.എം.എ സോഷ്യല്‍ മീഡിയ വിംഗ് നാഷണല്‍ കോര്‍ഡിനേറ്ററും ഇ.എന്‍.ടി വിദഗ്ധനുമായി ഡോ. സുല്‍ഫി നൂഹു.നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും. ജീവൻ നിലനിർത്തിയാൽ മാത്രമേ അതൊക്കെ ആഘോഷിക്കാൻ കഴിയുകയുള്ളൂവെന്നും നൂഹുവിന്‍റെ കുറിപ്പില്‍ പറയുന്നു.
ഡോ. സുല്‍ഫി നൂഹുവിന്‍റെ കുറിപ്പ്
ആ വലിയ പൂട്ടിടാനിനി താമസിക്കരുത്. ഒരു നിമിഷം പോലും. നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും. ജീവൻ നിലനിർത്തിയാൽ മാത്രമേ അതൊക്കെ ആഘോഷിക്കാൻ കഴിയുകയുള്ളൂ. കേരളത്തിലെ മിക്ക ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഐ സി സി യു വിനും വെൻറിലേറ്ററിനും തുടങ്ങി സാധാരണ കിടക്കകൾ ലഭിക്കുവാൻ വേണ്ടി വരെ സമൂഹത്തിലെ ഉന്നത പിടിപാടുള്ളവർ പാഞ്ഞു നടക്കുന്നു.സാധാരണക്കാരുടെ ഗതി അതിലും പരിതാപകരം.
പെരുന്നാൾ കഴിയാൻ,ഓണം വരാൻ കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് നൂറുകണക്കിന് ജീവനുകളായിരിക്കും. ഭാരതത്തിൻറെ കേരളത്തിൻറെ സാമ്പത്തികസ്ഥിതി താറുമാറാകും എന്നുള്ള സ്ഥിരം പല്ലവി ഇവിടെ അപ്രസക്തം. അതെ. ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ.വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല! പക്ഷേ നിവൃത്തിയില്ല തന്നെ. തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗംമുള്ളവരുടെ ജീവൻ രക്ഷിക്കണം. ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം. മറ്റൊന്നുകൂടി. ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. അതില്ലാത്തവർക്ക് ആശുപത്രിയിൽ പോകണമെന്നും വെൻറിലേറ്ററും സൈഡിൽ ഒരു ഓക്സിജൻ സിലിണ്ടറും കരുതി കൊള്ളണമെന്നും ആഗ്രഹിക്കരുത്. അത് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവർക്കുള്ളതാണ്. അത് കവർന്നെടുത്ത് മറ്റ് ജീവനുകളെ കൊലയ്ക്കുകൊടുക്കാൻ ശ്രമിക്കരുത്. തൽക്കാലം നമുക്ക് അടച്ചുപൂട്ടണം. വലിയ വലിയ പൂട്ടിട്ട്. ഗുരുതര രോഗം ഉള്ളവർക്കെല്ലാം മികച്ച ചികിത്സ കിട്ടുന്ന തരത്തിൽ രോഗികളുടെഎണ്ണം കുറയുന്ന വരെ വാക്സിൻ കൂടുതൽ പേർക്ക് എത്തുന്നവരെ. രണ്ടാം യുദ്ധത്തിന്‍റെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതുവരെ. ഇനി കരുതലല്ല വേണ്ടത് . ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ...