കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; കാസർകോട് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം
കാസര്‍കോട്: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് . കാസർകോട് റെയില്‍വെ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്.
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം. ആദ്യ കണ്ണിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീമും അവസാന കണ്ണിയായി ഡി.വൈ.എഫ്.ഐ ആദ്യ അഖിലേന്ത്യാ പ്രസിഡൻ്റ് ആയ ഇ.പി ജയരാജനും പങ്കെടുക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന ചങ്ങലയിൽ 20 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ അവകാശവാദം.
20ന് വൈകിട്ട് നാലു മുതൽ ചങ്ങലയുടെ ഒരുക്കങ്ങൾ തുടങ്ങും. 4.30ന് ട്രയൽ നടത്തിയ ശേഷം 5ന് ചങ്ങല കോർത്ത് പ്രതിജ്ഞ ചൊല്ലും. അതിനു ശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ പൊതുസമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്‍റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. രാജ്ഭവനുമുന്നിലെ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.