ഊതി ഊതി കുടിച്ചോളു; മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർമാർക്ക് തിളച്ച ചായയുമായി ഡി.വൈ.എഫ്.ഐ
കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിലാണ് പ്രതിഷേധം
മൂവാറ്റുപുഴ: മത്സരഓട്ടം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്ക് തിളച്ച ചായ നൽകി ഡി.വൈ.എഫ്.ഐ. മൂവാറ്റുപുഴയിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൂമാല - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ.എം.എസ് ബസിൽ നിന്ന് കഴിഞ്ഞദിവസം മുടവൂർ സ്വദേശി അർജുൻ എന്ന വിദ്യാർത്ഥി തെറിച്ചു വീണിരുന്നു. കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. വിദ്യാർത്ഥി തെറിച്ച് വീഴുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
എൽ എം എസ് ബസ്സിന് അമിത സ്പീഡ് ആണെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിത്താഴത്ത് ബസ് തടഞ്ഞുനിർത്തി ജീവനക്കാർക്ക് ചൂടു ചായ നൽകിയത്. ചൂട് ചായ പൂർണമായും ഊതി കുടിച്ചതിനു ശേഷം മാത്രമേ ബസ് പോകാൻ അനുവദിക്കൂ എന്ന നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചത്. ഇതിനിടെ പൊലീസ് ഇടപെടുകയും എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഇതിൽ നിന്നും പിന്മാറാതെ വരികയും ചെയ്തതോടെ ബസ് ജീവനക്കാർ ചായ കുടിക്കാൻ നിർബന്ധിതരായി . അമിത വേഗം കാട്ടുന്ന എല്ലാ ബസ് ജീവനക്കാർക്കും ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് ഡിവൈഎഫ്ഐ ഇത്തരത്തിലുള്ള സമരം പ്രതിഷേധം നടത്തിയത് എന്ന് ജില്ലാ പ്രസിഡണ്ട് അനീഷ് എം.മാത്യു പറഞ്ഞു.