ജോൺ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും സുലൈമാൻ സേട്ട് പുരസ്കാരം
50,001 രൂപ വീതം ക്യാഷ് അവാർഡും ബഹുമതി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിലുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാർലമെന്റ് അംഗവും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസിനും സാമൂഹിക പ്രവര്‍ത്തകനായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനുമാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. 50,001 രൂപ വീതം ക്യാഷ് അവാർഡും ബഹുമതി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവില്‍, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ഐ.എം.സി.സി സൗദി പ്രസിഡന്റ് സഈദ് കള്ളിയത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. ഐ.എൻ.എൽ പ്രവാസി ഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സിയാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. അഡ്വ. സെബാസ്റ്റ്യൻ പോൾ, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്. ആദ്യ സുലൈമാൻ സേട്ട് പുരസ്കാരം 2019ൽ ഡോ. സെബാസ്റ്റ്യൻ പോളിനാണ് ലഭിച്ചത്.
30 വർഷത്തെ മാധ്യമ പ്രവർത്തനത്തിനിടയിൽ വസ്തുനിഷ്ഠവും ആധികാരികവുമായ റിപ്പോർട്ടിങ്ങിലൂടെ ഭരണകൂടവും അവരുടെ വിധേയരും മറച്ചുപിടിക്കാൻ ശ്രമിച്ച സത്യം അനാവൃതമാക്കുകയും മതനിരപേക്ഷ ചേരിക്ക് ഈർജം പകരാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് ജോൺ ബ്രിട്ടാസെന്ന് പുരസ്കാര സമിതി അഭിപ്രായപ്പെട്ടു. ഹ്രസ്വകാലത്തിനിടയിൽ പാർലമെൻറിലെ മികച്ച പ്രകടനം വഴി ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. മതനിരപേക്ഷ, ഇടതുനിരയിലെ ഉറച്ച ശബ്ദമായും തെളിച്ചമുള്ള നിലപാടിനുടമയായും ബ്രിട്ടാസ് ശോഭിക്കുന്നു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ നിരാകരിക്കുന്ന ഇടമായി ഉന്നത നീതിന്യായ മേഖല മാറിയതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രാജ്യസഭയിലെ പ്രസംഗം അതീവ ശ്രദ്ധേയമായപ്പോൾ, രാജ്യസഭ ചെയർമാനായിരുന്ന എം. വെങ്കയ്യ നായിഡു പരസ്യമായി അഭിനന്ദിച്ചത് ഉള്ളടക്കത്തിെൻറ മികവ് കൊണ്ടായിരുന്നു. ഇന്ത്യയുടെ മതനിരപേക്ഷത, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റില്‍ ശ്രദ്ധേയമായ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ ബ്രിട്ടാസ് കാണിക്കുന്ന ഔത്സുക്യം വർഗീയ ഫാസിസം തിടംവച്ചാടുന്ന വർത്തമാനകാല രാഷ്ട്രീയപരിസരത്ത് ആശ്വാസകരമായ അനുഭവമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
നാലര പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന മാജിക് ജീവിതത്തിൽനിന്ന് വിടപറഞ്ഞ്, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് വ്യത്യസ്തവും സാഹസികവുമായ സംരംഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. സ്വന്തം കുടുംബം പോലും കൈയൊഴിയേണ്ടിവരുന്ന, ഓട്ടിസം, സെറിബ്രൽ പാള്‍സി, ഹൈപ്പർ ആക്ടിവിറ്റി, എം.ആർ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ കണ്ടെത്തി ഓരോരുത്തരുടെയും കഴിവും അഭിരുചിയും മനസ്സിലാക്കി, കല, സ്പോർട്സ് തുടങ്ങി കൃഷിയടക്കമുള്ള ജീവിതോപാധികളിൽ പരിശീലനം നൽകുന്ന ബൃഹത്തായൊരു പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. മാന്ത്രിക സ്പർശമുള്ള ഈ പുനരധിവാസ പദ്ധതി നിശ്ചേതനമായ ഒരു വിഭാഗത്തിന് പ്രതീക്ഷയും ജീവിതവും വാഗ്ദാനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലേക്ക് ഇന്ന് കടന്നുചെല്ലുന്ന ആരുടെയും മനുഷ്യത്വത്തെ തൊട്ടുണർത്തുന്നതും അത്ഭുതാവഹവുമായ താളവും മേളവും നാദവുമാണ് എതിരേൽക്കുക എന്നത് തന്നെ മുതുകാട് സ്വയമേറ്റെടുത്ത വലിയ ദൗത്യത്തിെൻറ ഗരിമയാണ് ഓർമപ്പെടുത്തുന്നതെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.