പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജിയെ ഇ.ഡി ചോദ്യംചെയ്യുന്നു
സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്
പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജിയെ എൻഫോഴ്‌സ്‌മെൻറ് ചോദ്യംചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി കെ എം ഷാജി അഴീക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്‌ഐആർ നൽകിയിരുന്നു.
സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ഷാജിക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിലുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതൽ കെ എം ഷാജിയുടെ നിലപാട്.
കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്ന് ഷാജിയോട് ഇ.ഡി നേരത്തേ വിശദീകരണം തേടിയിരുന്നു. വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നായിരുന്നു ഷാജി മൊഴി നൽകിയത്.