ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ്
ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
കൊച്ചി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡൽഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ബേപ്പൂരിലുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ബേപ്പൂരിൽനിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറൽ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. ലക്ഷദ്വീപിലെ സഹകരണ മാർക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫെസലുമായി ചേർന്ന് ടെണ്ടറിലും മറ്റും ക്രമക്കേടുകൾ നടത്തി ശ്രീലങ്കയിലേക്ക് മീൻ കയറ്റുമതി ചെയ്‌തെന്നാണ് കേസ്.
കേസിൽ മുഹമ്മദ് ഫൈസൽ ഒന്നാം പ്രതിയാണ്. നേരത്തെ 2016-17 കാലത്ത് സി.ബി.ഐയും ഇതേവിഷയത്തിൽ കേസെടുത്തിരുന്നു.