സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിജേഷ് പിള്ളയുടെ മൊഴിയെടുക്കാൻ ഇ.ഡി
ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ളയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തും. കേസ് ഒത്തുതീർക്കാൻ വിജേഷ് പിള്ള ഇടപെട്ടു എന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞദിവസം വിജേഷ് പിള്ളയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കളമശ്ശേരിയിലെ കെട്ടിടത്തിൽ എത്തി ഇ ഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർക്കാൻ വിജേഷ് പിള്ള 30 കോടി വാഗ്ദാനം ചെയ്‌തെന്നും ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്ന് ആവശ്യപ്പെട്ടെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം.
അതേസമയം, ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്‌കോടതി ജാമ്യഹരജി തള്ളിയ സാഹചര്യത്തിലാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. താൻ പലവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ള ആളാണെന്നും ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിട്ടുള്ളതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു .
കേസിൽ തന്നെ പ്രതി ചേർത്തിട്ടുള്ളത് ഇ.ഡിയുടെ അധികാര ദുർവിനിയോഗമാണ്. തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും ഇല്ല . മുഖ്യമന്ത്രിയെയും കുടുംബത്തെയും കേസിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതെന്നും ശിവശങ്കർ ആരോപിക്കുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.