'കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഴുവൻ പി. ആർ അരവിന്ദാക്ഷന്റെ അറിവോടെ'; ഗുരുതര ആരോപണങ്ങളുമായി ഇ.ഡി
ബെനാമി ലോണിൽ നിന്ന് ലഭിച്ച അരക്കോടി രൂപ അരവിന്ദാക്ഷന്റെ പേരിൽ സ്ഥിര നിക്ഷേപം
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റേയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ഇരുവരെയും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇഡിയുടെ ആവശ്യം. അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ ഇ.ഡി ഉന്നയിച്ചിട്ടുള്ളത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പി.ആർ അരവിന്ദാക്ഷന്റെ കൂടി അറിവോടെയാണ് നടന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തട്ടിപ്പ് വഴി ലഭിച്ച ബെനാമി ലോണിൽ നിന്നും അരക്കോടി രൂപ കരുവന്നൂർ ബാങ്കിൽതന്നെ സ്ഥിര നിക്ഷേപമായി അരവിന്ദാക്ഷന്റെ പേരിലുണ്ടായിരുന്നു. ഇതിന് വ്യക്തമായ തെളിവുകളുണ്ട്.
2015 മുതൽ 2017 വരെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നു. ഇതിനെല്ലാം സതീഷ് കുമാറിന്റെ ബിനാമിയായി പ്രവർത്തിച്ചത് അരവിന്ദാക്ഷനാണെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇത് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ ലഭിച്ചതായും ഇ.ഡി അറിയിച്ചു. ഉന്നത രാഷ്ട്രീയ ബന്ധമുള്ള അരവിന്ദാക്ഷൻ കേസിലെ പ്രധാന സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാനോ ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കാനോ അരവിന്ദാക്ഷൻ തയ്യാറായില്ല. അതിനാൽ മൂന്ന് ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.
ഇ.ഡിയുടെ അപേക്ഷ ഇന്ന് കലൂരിലെ പ്രത്യേക കോടതി പരിഗണിക്കും. കേസിൽ റിമാൻഡിലായ അരവിന്ദാക്ഷൻ നിലവിൽ എറണാകുളം ജില്ലാ ജയിലിലാണുള്ളത്. കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷം അരവിന്ദാക്ഷൻ നൽകിയ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ചോദ്യം ചെയ്യലുമായി കൃത്യമായി സഹകരിച്ചിരുന്നെന്നും തന്നെ വേട്ടയാടുകയാണെന്നുമാണ് ജാമ്യാപേക്ഷയിൽ അരവിന്ദൻ ആരോപിച്ചിട്ടുള്ളത്.