'വണ്ടിയായാലും സംഘിയായാലും ഇനി കൂടുതൽ ഉയരത്തിൽ ഓടാം'; ട്രോളുമായി എം.എം മണിയും
മന്ത്രി വി. ശിവൻകുട്ടിയും എടപ്പാള്‍ ഓട്ടം ഓര്‍മ്മിപ്പിച്ച് നേരത്തെ ട്രോള്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു
എടപ്പാൾ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ നടക്കാനിരിക്കെ എടപ്പാൾ ഓട്ടം ഓർമിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.എം മണിയും. 'ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലും', എന്നാണ് എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എടപ്പാള്‍ മേല്‍പ്പാലത്തിലൂടെ സംഘ്പരിവാര്‍ അനുഭാവി ഓടുന്ന ചിത്രവും എം.എം മണി ട്രോള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മന്ത്രി വി. ശിവൻകുട്ടിയും എടപ്പാള്‍ ഓട്ടം ഓര്‍മ്മിപ്പിച്ച് നേരത്തെ ട്രോള്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. 'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ...' എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല യുവതി പ്രവേശനത്തിനെതിരെ കർമ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു പ്രസിദ്ധമായ എടപ്പാൾ ഓട്ടം. നാട്ടുകാർ വളഞ്ഞതോടെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തങ്ങളെത്തിയ വാഹനങ്ങൾ അടക്കം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
എടപ്പാളുകാരുടെ ഏറെനാളത്തെ ആവശ്യമാണ് മേൽപ്പാലം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നാളെ രാവിലെ മേൽപ്പാലം നാടിന് സമർപ്പിക്കുക. പാലം യാഥാർത്ഥ്യമാവുന്നതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാവുമെന്നാണ് കരുതുന്നത്. 13.6 കോടി ചെലവിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേൽപ്പാലമാണ് എടപ്പാളിൽ പൂർത്തിയായിട്ടുള്ളത്. കോഴിക്കോട് റോഡിൽ റൈഹാൻ കോർണറിൽ നിന്നാരംഭിച്ച് തൃശൂർ റോഡിൽ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 218 മീറ്റർ നീളത്തിലാണ് മേൽപ്പാലം.