സുബൈറിനെ വെട്ടിയത് ജുമുഅ കഴിഞ്ഞു മടങ്ങുംവഴി; പിന്തുടർന്നത് രണ്ടു കാറുകൾ
ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് ജുമുഅ കഴിഞ്ഞ് മടങ്ങുംവഴി. നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെ രണ്ടു കാറുകളിലാണ് അജ്ഞാത സംഘം സുബൈറിനെ പിന്തുടർന്നത്. ആദ്യത്തെ കാർ ബൈക്ക് ഇടിച്ചുവീഴ്ത്തി. രണ്ടാമത്തെ കാറിൽനിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം.
വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു.
ബൈക്കില്‍നിന്നു വീണ് പിതാവിന് പരിക്കു പറ്റിയിട്ടുണ്ട്. സുബൈറിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ. നാടുനീളെ കലാപം നടത്താൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആരോപിച്ചു.
'തൃശൂരിൽനിന്നു വന്ന ക്രിമിനലുകളാണ് കൃത്യത്തിന് മുമ്പിൽ. പൊലീസിന് ഇതുസംബന്ധിച്ച് വിവരം നൽകിയിരുന്നു എങ്കിലും ഗൗനിച്ചില്ല. നേരത്തെ ആലപ്പുഴയിൽ ഷാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പോപുലർ ഫ്രണ്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നിഷ്‌ക്രിയമായി.'- റഊഫ് മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേരുൾപ്പെടെ പതിനൊന്നു പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.