'എൻഐഎയുടേത് പീഡനം, നോട്ടീസില്ലാതെ ദിവസങ്ങളോളം ചോദ്യം ചെയ്യുന്നു'; ഷാരൂഖ് സെയ്‌ഫി കോടതിയിൽ
ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനായി സംസാരിക്കാൻ ഷാരൂഖ് സെയ്ഫി കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
കൊച്ചി: എൻഐഎക്കെതിരെ ഗുരുതരമായ ആരോപണവുമായി എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി. നോട്ടീസില്ലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം ചോദ്യം ചെയ്തു. എൻഐഎയുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനായി സംസാരിക്കാൻ ഷാരൂഖ് സെയ്ഫി കൊച്ചി എൻഐഎ കോടതിയിൽ അപേക്ഷ നൽകി.
തങ്ങൾ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും ഷാരൂഖിന്റെ അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മോനിസിനൊപ്പം പിതാവ് മുഹമ്മദ് റഫീഖും എത്തിയിരുന്നു. പിന്നാലെ, റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഷാരൂഖ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ മാസം 27 വരെയാണ് ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഷാരൂഖ് സെയ്‌ഫിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കഴിഞ്ഞ റിമാൻഡ് കാലാവധി അവസാനിച്ചപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഷാരൂഖിന് മുൻപ് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വേണ്ട ചികിത്സ നൽകിയിരുന്നില്ലെന്നും കുടുംബം പറഞ്ഞതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
ഇത് സംബന്ധിച്ച കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താൻ ഷാരൂഖിനെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ് അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.