എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 20ന്
എംഎൽഎ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മൊഴിനൽകി
ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. എൽദോസ് ഒളിവിൽ അല്ലെന്നും ഏതു സമയവും കോടതിക്ക് മുമ്പിൽ ഹാജരാകാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മൊഴിനൽകി. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് എംഎൽഎ തന്റെ പിന്നാലെ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപെട്ടു. ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ എംഎൽഎയും സുഹൃത്തും ചേർന്ന അനുനയിപ്പിച്ച് റോഡിലെത്തിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും നൽകിയ മൊഴിയിൽ യുവതി പറയുന്നു.
എന്നാല്‍ നിരവധി പേർക്കെതിതിരെ പീഡന പരാതി ഉന്നയിച്ച് പരാതിക്കാരി പണം തട്ടിയിട്ടുണ്ടെന്ന് എൽദോസിന്റെ അഭിഭാഷകൻ കോടതില്‍ പറഞ്ഞു. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിൻറെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നത്.