ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ ജാമ്യം
എം.എല്‍.എ മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാവണം
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് മുന്‍കൂര്‍ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എം.എല്‍.എ മറ്റന്നാള്‍ അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാവണം. യുവതി പരാതി നല്‍കിയതു മുതല്‍ എം.എല്‍.എ ഒളിവിലായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ഫോണും പാസ്‍പോര്‍ട്ടും ഹാജരാക്കണം, സമൂഹ മാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങൾ ഇടരുത് തുടങ്ങിയവയാണ് ഉപാധികള്‍.
എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ വാദിച്ചു. കൊലപാതക ശ്രമത്തിനാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമാണ്. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാല്‍ ഓരോ ദിവസവും ഓരോ പരാതിയാണ് യുവതി ഉന്നയിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. ആദ്യം തട്ടികൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള നീക്കമാണിതെന്നു സംശയമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളില്‍ ശാരീരികമായി ഉപദ്രവിച്ചെന്നു അധ്യാപികയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ കോവളം സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് സിഐയെ സ്ഥലം മാറ്റിയിരുന്നു.
അതിനിടെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകി. വക്കീൽ മുഖേന കെപിസിസി ഓഫീസിൽ വിശദീകരണം ലഭിച്ചതായി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. താൻ നിരപരാധിയാണെന്ന് കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. കേസ് രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച എൽദോസ് യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളും വിശദീകരണത്തിനൊപ്പം നൽകിയിട്ടുണ്ട്. പാർട്ടി നടപടിയെടുക്കും മുൻപ് തന്നെ കൂടി കേൾക്കണമെന്നും വിശദീകരണത്തിൽ എൽദോസ് ആവശ്യപ്പെട്ടു.
പരാതിക്കാരി ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും എൽദോസ് തള്ളി. പിആർ ഏജൻസി ജീവനക്കാരി എന്ന നിലക്കാണ് യുവതിയെ താൻ പരിചയപ്പെടുന്നത്. പരാതിക്കാരിക്കെതിരെ രണ്ടു വാറന്റുകളുണ്ടെന്നും എൽദോസ് ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽദോസ് പറയുന്നു.
അതേസമയം, എൽദോസിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഒളിവിൽ പോകാതെ പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. കോടതി ഉത്തരവ് എന്തായാലും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു.