മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു; രാജേഷിന്‍റെ വീട്ടിൽ വൈദ്യുതി എത്തി
റോഡിൽ പോസ്റ്റിടാൻ അയൽവാസി സമ്മതിക്കാത്തതാണ് വൈദ്യുതി കിട്ടാതിരിക്കാൻ കാരണം. മീഡിയവണ്‍ വാർത്തയെ തുടർന്ന് ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോരിറ്റി ചെയർമാനുമായ രഞ്ജിത്ത് കൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടു.
എറണാകുളം: അയൽവാസിയുടെ കുടുംപിടിത്തംമൂലം ഇരുട്ടിലായ എറണാകുളം പാറക്കടവ് പഞ്ചായത്തിലെ രാജേഷിന്‍റെ വീട്ടിൽ വൈദ്യുതി എത്തി. ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാനുമായ രഞ്ജിത്ത് കൃഷ്ണൻ ഇടപെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
നാല് മാസമായി രാജേഷിന്‍റെ വീട്ടിൽ വൈദ്യുതി എത്താത്തത് മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാർഥികളായ രണ്ട് മക്കളും പ്രായമായ അമ്മയും ഭാര്യയും ഉൾക്കൊള്ളുന്ന രാജേഷിന്റെ കുടുംബം നാല് മാസമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞിരുന്നത്.
റോഡിൽ പോസ്റ്റിടാൻ അയൽവാസി സമ്മതിക്കാത്തതാണ് വൈദ്യുതി കിട്ടാതിരിക്കാൻ കാരണം. വൈദ്യുതി ലഭിക്കുന്നതിനായി രാജേഷ് മുട്ടാത്ത വാതിലുകളുണ്ടായിരുന്നു. ഒടുവിൽ മീഡിയവണ്‍ വാർത്തയെ തുടർന്ന് ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോരിറ്റി ചെയർമാനുമായ രഞ്ജിത്ത് കൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടു.
രാജേഷിനെയും വാർഡ് അംഗങ്ങളെയും താലൂക്ക് പാരാലീഗൽ വളണ്ടിയർമാർ നേരിട്ടെത്തി കാണുകയും വിവരം ശേഖരിച്ച് ആലുവ കോടതിയിലെത്തിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ വൈദ്യുതി നൽകാനുള്ള നിർദേശവുമെത്തി. ഇരുട്ട് വീണ ജീവിതത്തിൽ നിന്നും വെളിച്ചത്തിലേക്കെത്തിയ സന്തോഷത്തിലാണ് രാജേഷും കുടുംബവും ഇന്നുള്ളത്. മൂന്നര മീറ്റർ വീതിയുള്ള റോഡിൽ പോസ്റ്റ് സ്ഥാപിച്ചാണ് വൈദ്യുതി കണക്ഷൻ നൽകിയിട്ടുള്ളത്.