ഉത്സവത്തിനെത്തിച്ച ആന ചെരിഞ്ഞു
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരനാണ് ചെരിഞ്ഞത്
ആലപ്പുഴ:ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖൻ എന്ന ആന ചെരിഞ്ഞു. ഏകദേശം 65 വയസ് പ്രായമുള്ള ആന കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണിരുന്നു. ക്രെയിനുപയോഗിച്ചും മറ്റും ആനയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചികിത്സ നൽകുന്നതിനിടയിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ആനയെ ഉത്സവത്തിനെത്തിച്ചത്.കഴിഞ്ഞ മാസവും ഉത്സവത്തിനിടെ കുഴഞ്ഞുവീണിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആനയ്ക്ക് വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നു.പല്ലില്ലാത്ത ആനക്ക് വാഴപ്പിണ്ടിയും പയറും അവിലുമാണ് ഭക്ഷണമായി നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. ശാരീരികമായി ഏറെ അവശത അനുഭവിക്കുന്ന ആനയെ എഴുന്നെള്ളിപ്പിനുപയോഗിക്കാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ ആനയോട് കാണിച്ചിരിക്കുന്നത് ക്രൂരതയാണെന്ന് ആനപ്രേമികൾ പറയുന്നു. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.