'അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികം'; പി.ശശിയുടെ നിയമനത്തിൽ വിമർശനമുണ്ടായത് സ്ഥിരീകരിച്ച് ഇ.പി ജയരാജൻ

അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല, ഒരിക്കൽ പുറത്താക്കിയത് കൊണ്ട് അജീവാനന്തം പുറത്ത് നിൽക്കേണ്ട ആളല്ല പി.ശശിയെന്നും ജയരാജൻ പറഞ്ഞു

Update: 2022-04-20 03:46 GMT
Advertising

തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ വിമർശനമുയർന്നെന്ന് സ്ഥിരീകരിച്ച് എല്‍.‍ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഓരോരുത്തര്‍ക്കും അഭിപ്രായമുണ്ടാകും അത് പറയുന്നത് സ്വാഭാവികം. സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും എല്ലാവരും സന്തോഷത്തോടെയാണ് അത് സ്വീകരിച്ചതെന്നും ജയരാജന്‍ വ്യക്തമാക്കി.  

സംസ്ഥാന കമ്മിറ്റിയംഗത്തിന് എന്താണ് അയോഗ്യത, അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല. ഒരിക്കൽ പുറത്താക്കിയത് കൊണ്ട് അജീവാനന്തം പുറത്ത് നിൽക്കേണ്ട ആളല്ല പി.ശശി. അത് തിരുത്തുന്ന ശൈലിയാണ് സഖാക്കൾക്ക്. തെറ്റ് ആവർത്തിക്കുമെന്ന ആശങ്ക വേണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ ഇടയുള്ളതുകൊണ്ട് പി. ശശിയുടെ നിയമനം പുനഃപരിശോധിക്കണമെന്ന് പി. ജയരാജൻ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമനം ചർച്ച ചെയ്യുമ്പോഴല്ല എതിർപ്പ് രേഖപ്പെടുത്തേണ്ടതെന്നായിരുന്നു കൊടിയേരി ബാലകൃഷ്ണൻ ഇതിന് നല്‍കിയ മറുപടി. 

അതേസമയം, മുസ്‌ലിം ലീഗിനെ എൽ.ഡി.എഫിന്റെ ഭാഗമാക്കുന്നതിൽ ലീഗാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ലീഗ് നിലപാട് വ്യക്തമാക്കിയ ശേഷം അതിനെ കുറിച്ച് ആലോചിക്കാം. ആകാശത്തു കിടക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News