'സദുദ്ദേശത്തോടെയുള്ള സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിക്കുന്നു'; മന്ത്രിയെ ന്യായീകരിച്ച് ഇ.പി ജയരാജൻ

ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് ഇ.പി ജയരാജൻ

Update: 2022-07-05 16:00 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സദുദ്ദേശത്തോടെയുള്ള മന്ത്രിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. പ്രസംഗത്തിൽ ഒരു അബദ്ധവും തെറ്റുമില്ല. പ്രസംഗത്തെ കോൺഗ്രസ് ആയുധമാക്കി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു. മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇ.പി ജയരാജന്റെ പരാമർശം.

ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ് എന്ന് ഇ.പി ജയരാജൻ തുറന്നടിച്ചു. ഭരണഘടനയോട് കൂറ് പുലർത്തുന്നയാളാണ് മന്ത്രി സജി ചെറിയാനെന്നും ജയരാജൻ പറഞ്ഞു. അതേസമയം സജി ചെറിയാന്റെ മല്ലപ്പള്ളിയിലെ പ്രസംഗം അനുചിതമെന്ന് സിപിഐ വിലയിരുത്തി. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.

വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. തന്റെ പരാമർശം ദുർവ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും പിന്നീട് അത് ദുർ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി പറഞ്ഞു. മന്ത്രിയുടെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം. ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജി ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു. അതേസമയം മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രംഗത്തെത്തി. മന്ത്രി ഭരണഘടനാ മനോഹരമാണെന്ന് തന്നെയാണ് പരാമർശിച്ചത്. മന്ത്രി പറഞ്ഞത് കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണെന്നും കെ.പി ഉദയഭാനു വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News