ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും
സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുക്കില്ല
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍. പ്രകാശ് ജാവദേക്കർ- ഇ.പി കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാൻ ഇരിക്കെയാണ് നിർണായക നീക്കം. സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുക്കില്ല.
ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽ എത്തിയാണ് ജാവഡേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജൻ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവിൽ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറയുകയായിരുന്നു.
കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തിയിരുന്നു.