രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം; അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്
മുറിവുകൾ പത്തു ദിവസം പഴക്കമുള്ളതാണെന്നും അപസ്മാരം വന്നതു കൊണ്ട് മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പൊലീസ്
എറണാകുളത്ത് ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുവയസുകാരിയുടെ അമ്മയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് പൊലീസ്. മുറിവുകൾ പത്തു ദിവസം പഴക്കമുള്ളതാണെന്നും അപസ്മാരം വന്നതു കൊണ്ട് മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പൊലീസ് കമ്മീഷണര്‍ നാഗരാജു പറഞ്ഞു.
കുട്ടിക്ക് പരിക്കുപറ്റിയിട്ടും അമ്മ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല. കുടുംബത്തിന്‍റെ മുഴുവൻ പശ്ചാത്തലവും ദുരൂഹത ഉള്ളതാണെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
പരിക്കുകളോടെ ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തധമനികളിൽ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും കഴുത്ത് വരെ പരിക്കുണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു.
ഇതിനിടെ കുട്ടിയുടെ അച്ഛന്‍ ആശുപത്രിയിലെത്തി. കുട്ടിയുടെ സ൦രക്ഷണ൦ തനിക്ക് വേണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടു. മാനസിക വിഭ്രാന്തി ഉള്ള പോലെയാണ് അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നത്. കുട്ടിയുടെ ദേഹത്ത് ചിപ്പ് വെച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മ പറയുന്നു. അച്ഛൻ വീട്ടിലെ വിവരങ്ങൾ ചേ൪ത്തുന്നുവെന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പറയുന്നതായി ശിശുക്ഷേമസമിതി ഉപാധ്യക്ഷൻ കെ എസ് അരുൺ കുമാർ പറഞ്ഞു.