പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചികയിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

'' ബുധനാഴ്ച മുതല്‍ പുതുക്കിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തും ''

Update: 2022-05-02 10:19 GMT
Advertising

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി മൂല്യനിർണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തര സൂചികയിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.  മൂല്യനിർണയം ബഹിഷ്‌കരിക്കുന്നതിന് മുൻപ് ഒരു സമര അന്തരീക്ഷം സ്വതന്ത്ര സംഘടനയിലെ അധ്യാപകർ ഉണ്ടാക്കുകയും അതിലേക്ക് നിരപരാധികളായവരെ കൂടി വലിച്ചിടുകയുമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

ഉത്തര കടലാസുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ആദ്യ സമരം. ഈ പ്രശ്‌നം പരിഹരിച്ചതോടെ ക്യാറ്റഗറി സംഘടനകൾക്ക് സമരം ചെയ്യാൻ കാരണമില്ലാതായി. വിദ്യാർത്ഥികളുടെ ഭാവി മറയാക്കി സർക്കാർവിരുദ്ധത പ്രചരിപ്പിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. പരീക്ഷയെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമമാണ് ഇവർ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ ബഹിഷ്‌കരണം ചെറിയ കാര്യമല്ല. മൂല്യ നിർണയ ദിവസം വരെ ഒരു അധ്യാപകനും തങ്ങൾക്ക് പരാതി ഉള്ളതായി അറിയിച്ചിട്ടില്ല. വാരിക്കോരി മാർക്ക് നൽകുന്നത് അംഗീകരിക്കാൻ ആവില്ലെന്നും ബുധനാഴ്ച മുതല്‍ പുതുക്കിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തുമെന്നും  മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തര സൂചിക നാളെ പുനഃപരിശോധിക്കും. നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താൻ അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. ഒരു ജില്ലയിൽ നിന്ന് രണ്ടധ്യാപകർ വീതം തലസ്ഥാനത്തേക്കെത്താനാണ് നിർദേശം.

എന്നാല്‍ മൂല്യനിർണയം ബഹിഷ്‌കരിക്കാത്ത അധ്യാപകർക്കാണ് അറിയിപ്പ് ലഭിച്ചതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിച്ചു. ഇടത് സംഘടനാ അനുഭാവമുള്ള അധ്യാപകരെയാണ് ഇത്തരത്തിൽ പുനഃപരിശോധനക്കായി വിളിച്ചത്. മൂല്യ നിർണയത്തിൽ നിന്ന് വിട്ടു നിന്നവരെയോ പരാതി നൽകിയവരെയോ വിളിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.

അധ്യാപകരും വിദഗ്ധരും ചേർന്ന് തയാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിന് പകരം ചോദ്യകർത്താവ് തയാറാക്കിയ ഉത്തരസൂചിക മൂല്യനിർണയത്തിന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ഉത്തരസൂചിക മാറ്റിനൽകണമെന്ന ആവശ്യത്തിനെതിരെ ആദ്യം കടുത്ത നിലപാട് സ്വീകരിച്ച സർക്കാർ അധ്യാപകർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് മയപ്പെട്ടത്. മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയായില്ലെങ്കിൽ ഫലപ്രഖ്യാപനം വൈകുമെന്ന പ്രശ്‌നവുമുണ്ട്. പിന്തുണയുമായി വിവിധ അധ്യാപക-വിദ്യാർത്ഥി സംഘടനകൾ കൂടി എത്തിയതോടെയാണ് സർക്കാരിന് വഴങ്ങേണ്ടി വന്നത്.

അധ്യാപകരുടെ പരാതിയിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നേരിട്ട് ഇടപെടുകയായിരുന്നു. ഉത്തരസൂചിക പരിശോധനക്കായി വിദഗ്ധ സമിതിയെ നിയമിക്കാനാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വകുപ്പുതല യോഗം ചേർന്നിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News