ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയത് മുസ്‌ലിം സമുദായത്തോടുള്ള അനീതി: ഇ.ടി മുഹമ്മദ് ബഷീർ
പൂജക്ക് അനുമതി നൽകിയ കോടതി വിധി 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ഇ.ടി പറഞ്ഞു.
Update: 2024-01-31 15:05 GMT
കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി കോടതി വിധി നിയമവിരുദ്ധമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. കോടതി വിധി 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ്. കോടതി പുറപ്പെടുവിച്ച ഉത്തരവ് മുസ്‌ലിം സമുദായത്തോടുള്ള അനീതിയും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്നും ഇ.ടി പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ ഏഴ് ദിവസത്തിനകം പൂജക്ക് ക്രമീകരണം ഒരുക്കണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. വ്യാസ് കുടുംബാംഗമാണ് പൂജക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതിൽ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്നുവന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.