'പരിശുദ്ധനായ നേതാവ്, വിശ്രമിച്ചത് മരണശേഷം മാത്രം': ഇ.ടി മുഹമ്മദ് ബഷീർ
'കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി ഇദ്ദേഹത്തോളം വേറെയൊരാളെ കാണില്ല'
കോഴിക്കോട്: ഉമ്മൻചാണ്ടിയെപ്പോലെ പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. മുഴുവൻ സമയം കർമ്മ നിരതനായിരുന്ന ഉമ്മൻചാണ്ടി മരണ ശേഷമാണ് വിശ്രമിച്ചിട്ടുണ്ടാവുകയെന്നും ഇ.ടി.മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ കുറിച്ചു.
''കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച, അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി വേറെയില്ല. ആർദ്രതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്മ കേരളത്തിന് ചെയ്ത സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം'' - ഇ.ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്നും ജനങ്ങൾക്കൊപ്പം അവർക്കിടയിൽ ജീവിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ബാംഗ്ലൂരിലെ ചിന്മയ ആശുപത്രിയിൽ എത്തി സന്ദർശിച്ചു .
എന്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടിയെ പോലെ ഇത്രയും പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ല. അദ്ദേഹം ധനകാര്യ മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കൂടെ മന്ത്രിസഭയിൽ അംഗമായിരുന്നു. മുഴുവൻ സമയം കർമ്മ നിരതനായിരുന്ന അദ്ദേഹം മരണ ശേഷം ആണ് വിശ്രമിച്ചിട്ടുണ്ടാവുക.
കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച അവരോട് ദയ കാണിച്ച മറ്റൊരു ഭരണാധികാരി ഇദ്ദേഹത്തോളം വേറെയൊരാളെ കാണില്ല. ആർദ്രതയുടെ പര്യായമായിരുന്നു ഉമ്മൻ ചാണ്ടി. ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യനാണ് അദ്ദേഹം. ഒരുപാട് നന്മ കേരളത്തിന് ചെയ്ത സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം .
എന്നോട് ഏറെ സ്നേഹം കാണിച്ച അദ്ദേഹം അവസാനം വരെ വളരെ അടുത്ത വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ കൂടെ പ്രവർത്തിച്ച അദ്ദേഹം പുരോഗമനപരമായ എല്ലാ നിർദേശങ്ങൾക്കും കൂടെ നിന്ന് പിന്തുണച്ചു. കേരളത്തിലെ 38 ജൂനിയർ കോളേജുകളും സീനിയർ കോളേജുകൾ ആക്കാൻ ഏറെ പിൻബലം നൽകിയത് ധനകാര്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു.
അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഇന്ന് പുലർച്ചെ 4.25നാണ് ഉമ്മൻചാണ്ടിയുടെ അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരത്തെത്തിക്കും. വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിലാണ് സംസ്കാരം.