സമാനതകളില്ലാത്ത പോരാട്ടം; ഫ്രാങ്കോ കുറ്റവിമുക്തനാകുമ്പോഴും ചരിത്രം മറക്കില്ല ആ ഐതിഹാസിക സമരം
പൊതുസമക്ഷത്തില്‍ അതിജീവിതയുടെ നാവായി മാറിയത് ആ അഞ്ചുപോയിരുന്നു
ഫ്രാങ്കോക്കെതിരെ അടിയുറച്ച നിലപാടുമായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളുടെ സമര പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. ബലാത്സംഗ കേസിൽ ഫ്രാങ്കോ കുറ്റവിമുക്തനാകുമ്പോഴും ഈ ഐതിഹാസിക സമരം, ചരിത്രം മറക്കില്ല.
പൊതുസമക്ഷത്തില്‍ അതിജീവിതയുടെ നാവായി മാറിയത് ആ അഞ്ചുപോയിരുന്നു. പ്രശ്നങ്ങൾ ഉണ്ടാക്കാതെ നിശബ്ദരായി ഇരിക്കാനാണ് മേലധികാരികൾ പറഞ്ഞത്. സഭയുടെ വാതിലുകൾ കൊട്ടിയടച്ചു. ശക്തനായ ബിഷപ്പിനെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് കരുതിയിടത്ത് നിന്ന് അവർ തുടങ്ങി. പ്രതികാരനടപടികള്‍ തുടര്‍ന്നു. പക്ഷേ സധൈര്യം കരുത്തോടെ നിയമ പോരാട്ടവുമായി അവര്‍ പോരാളികളായി. സ്വാധീക്കാനും ഒത്തുതീർപ്പിനും നിരന്തര ശ്രമങ്ങളുണ്ടായി. പക്ഷേ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ ഉറച്ച നിലപാടുകൾക്ക് മുന്നിൽ ഭീഷണിയും സ്വാധീനവുമൊന്നും വിലപ്പോയില്ല.
അതിജീവിതയുടെ കുടുംബത്തെയും തുടര്‍ച്ചയായി വേട്ടയാടി. പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ചു. ഫ്രാങ്കോ അനുകൂലികളായ രാഷ്ട്രീയ നേതാക്കളും കന്യാസ്ത്രീകളും കന്യാസ്ത്രീകളെ പരസ്യമായി അധിക്ഷേപിച്ചു. അവിടെയും അവർ വീഴാതെ പതറാതെ നിന്നു. ആഗോള കത്തോലിക്കാ സഭയിൽ അപൂർവ്വമായി നടന്ന പ്രതിഷേധം. സെപ്റ്റംബർ വിപ്ലവമെന്ന പേരിൽ ലോക മാധ്യമ ശ്രദ്ധ നേടി.
സഭാ നേതൃത്വത്തിന്‍റെ പോരായ്മകളെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും പലർക്കും അത് ഊർജം നൽകി. ഫ്രാങ്കോ കുറ്റവിമുക്താനാകുമ്പോൾ ആ ഐതിഹാസിക പോരാട്ടങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ്. പക്ഷേ തോറ്റ സമരങ്ങളാണ് ചരിത്രത്തെ വഴി നടത്തിയത്.