'ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തുക നൽകണം, അതിൽ ഒരു തെറ്റുമില്ല': രമേശ് ചെന്നിത്തല
വിനിയോഗത്തിൽ വ്യക്തതയും സുതാര്യതയും വേണമെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും തുക നല്‍കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനാലാണ് ഒരുമാസത്തെ ശമ്പളം താന്‍ നൽകാൻ തീരുമാനിച്ചതെന്നും പക്ഷെ ഇതിന്റെ വിനിയോഗത്തിൽ ഒരു വ്യക്തതവേണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിൽ സുതാര്യത വേണം. അവ വകമാറ്റിചെലവഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
അതേസയമം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ രംഗത്ത് വന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥരാണെന്നാണ് സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചത്. സിഎംഡിആർഎഫിൽ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പുനൽകേണ്ടത് മുഖ്യമന്ത്രിയാണെന്നും ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു