കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ
മണിക്കൂറിൽ 10 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നതാണ് മേഘവിസ്ഫോടനം
കേരളത്തിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് മേഘവിസ്ഫോടനം ഉണ്ടായിട്ടുണ്ടെന്ന് കുസാറ്റിലെ റിസർച്ച് ഡയറക്ടർ ഡോ. എസ് അഭിലാഷ് പറഞ്ഞു. മണിക്കൂറിൽ 10 സെന്റീമീറ്ററിലധികം മഴ ലഭിക്കുന്നതാണ് മേഘവിസ്ഫോടനം. മീഡിയവൺ ഫ്രീ സ്പീച്ചിൽ ആണ് ഡോ. എസ് അഭിലാഷിന്റെ പ്രതികരണം.
കേരളത്തിലെ മഴ പെയ്ത്തിന്‍റെ രീതി മാറുന്നു. കേരള തീരത്ത് മേഘങ്ങളുടെ ഘടനയിലുണ്ടാകുന്ന മാറ്റമാണ് ഏറ്റവും പ്രധാന കാരണം. 10 സെന്‍റീമീറ്ററിലധികം മഴ ഒരു മണിക്കൂര്‍ കൊണ്ട് പെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. 24 മണിക്കൂറില്‍ ഈ മഴ ലഭിക്കുന്നതും ഒരു മണിക്കൂറില്‍ ലഭിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കൊങ്കണ്‍ പ്രദേശത്തൊക്കെ പെയ്യുന്ന തരത്തിലുള്ള മഴയാണത്. ഇത്രയും തീവ്രമായിട്ടുള്ള മഴയെ സ്വീകരിക്കാന്‍ തക്ക ഭൂമിശാസ്ത്രപരമായ ശേഷി നമുക്കില്ലെന്നും ഡോ.അഭിലാഷ് പറഞ്ഞു.